Banner Ads

വന്ദേഭാരതിൽ വീണ്ടും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ; കാലാവധി അവസാനിച്ച ജ്യൂസ് യാത്രക്കാർക്ക് വിതരണം ചെയ്തു

തിരുവനന്തപുരം: വന്ദേഭാരതിൽ വീണ്ടും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കാലാവധി അവസാനിച്ച ജ്യൂസ് യാത്രക്കാർക്ക് വിതരണം ചെയ്തു. മാർച്ച് 24-ന് കാലാവധി അവസാനിച്ച ജ്യൂസാണ് ഇന്ന് യാത്രക്കാർക്ക് വിതരണം ചെയ്തത്.

ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങൾ പാകംചെയ്യുന്ന മോശം ഇടങ്ങളെക്കുറിച്ചും പഴകിയ ഭക്ഷ്യവസ്തുക്കളെക്കുറിച്ചും വാർത്തകൾ വന്നതിന്റെ അലയൊലികൾ അടങ്ങുംമുമ്ബാണ് വന്ദേഭാരതിൽ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്യതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

വ്യാഴാഴ്ച മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ‌്പ്രസിലാണ് കാലാവധി കഴിഞ്ഞ ജ്യൂസ് പാക്കറ്റുകൾ വിതരണം ചെയ്തത്. മാർച്ചിൽ കാലാവധി അവസാനിച്ച, അതായത് കാലാവധി അവസാനിച്ച് രണ്ടുമാസത്തോളമായ പാനീയമാണ് യാത്രക്കാർക്ക് നൽകിയത്.

ഭക്ഷണത്തിനടക്കം നല്ലൊരു തുക മുടക്കി യാത്രചെയ്യുന്നവരോടാണ് റെയിൽവേ ഇത്തരത്തിൽ പെരുമാറുന്നത് എന്നത് വലിയ ജനരോഷത്തിന് വഴിവെച്ചിട്ടുണ്ട്.നേരത്തെ, വന്ദേഭാരത് ട്രെയിനിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കൊച്ചിയിലെ കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ വലിയ വാർത്തയായിരുന്നു.

എന്നിട്ടും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ റെയിൽവേ സ്വീകരിച്ചിട്ടില്ല. എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും തിരുത്തലുകൾക്ക് തയ്യാറാവില്ല. ജനങ്ങളുടെ ആരോഗ്യത്തിന് ഒരു വിലയും കൽപിക്കില്ല എന്ന തരത്തിലാണ് റെയിൽവേ പ്രവർത്തിക്കുന്നതെന്ന് യാത്രക്കാർ ആരോപിച്ചു.