
തിരുവനന്തപുരം : കേരളത്തിൽ യുഡിഎഫിന് ഭരണസാധ്യത കൽപ്പിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. എക്സിറ്റ് പോളുകൾ പലപ്പോഴും യഥാർഥ ഫലവുമായി പൊരുത്തപ്പെടാറില്ലെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായ ഫലമാകും പുറത്തുവരികയെന്നും ബേബി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം തെറ്റാണ്.
മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ എതിരാളികൾ ഉന്നയിച്ച തരംതാഴ്ന്ന ആക്ഷേപങ്ങൾ കേരളത്തിലെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല. മുൻകാലങ്ങളിൽ എക്സിറ്റ് പോളുകൾ പാളിപ്പോയ സാഹചര്യങ്ങളുണ്ട്. പുറത്തുവന്ന സർവേ ഫലങ്ങൾ അന്തിമമല്ലെന്നും ഇടതുപക്ഷം വിജയപ്രതീക്ഷയിലാണെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.