Banner Ads

പരീക്ഷാക്രമക്കേട്: പി എസ് സിയെ വിമർശിച്ച് ഹൈക്കോടതി; നൂതന തട്ടിപ്പും പ്രത്യക്ഷ അഴിമതിയും

കൊച്ചി : ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ കേരള പബ്ലിക് സർവീസ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പരീക്ഷയിൽ 58 ഉത്തരങ്ങൾക്ക് മാർക്ക് നൽകാതിരുന്നത് പ്രത്യക്ഷ അഴിമതിയും വൻകിട തട്ടിപ്പുമാണെന്ന് നിരീക്ഷിച്ച കോടതി പിഎസ്സി നടത്തുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനങ്ങൾ വേണ്ടേ എന്നും ചോദിച്ചു.

കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെയും യുവതലമുറയുടെയും പ്രതീക്ഷയാണ് പി എസ് സി. 58 ചോദ്യങ്ങൾക്ക് മാർക്ക് ഇടാതിരുന്നത് വെറുമൊരു ക്ലറിക്കൽ പിഴവായി ന്യായീകരിക്കാൻ കഴിയില്ലെന്ന് സർക്കാരും കോടതിയിൽ വാദിച്ചു.

ഇത് സാമാന്യബുദ്ധിക്ക് നിരക്കാത്തതും നൂതനമായ അഴിമതിയാണെന്നും പിഎസ്സി ചെയർമാൻ അടക്കമുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇതിനോടകം 180ലേറെ പരാതികൾ പിഎസ്സിക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അന്വേഷണവുമായി എന്തുകൊണ്ടാണ് സഹകരിക്കാത്തതെന്ന് പിഎസ്സിയോട് ഹൈക്കോടതി ചോദിച്ചു.

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള ധാർമ്മിക ഉത്തരവാദിത്തം കമ്മീഷനുണ്ട്. നോട്ടീസ് നൽകിയിട്ടും ഹാജരാകുന്നില്ലെങ്കിൽ പിഎസ്സിക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. യുവതലമുറയുടെ ഭാവി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇക്കാര്യം സർക്കാർ ഗൗരവത്തോടെ കാണണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.