
ദില്ലി : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 14-ന് വോട്ടെണ്ണൽ നടക്കും.
ദില്ലിയിലെ വിജ്ഞാൻ ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. ബിഹാറിൽ ആകെ 7.43 കോടി വോട്ടർമാരുണ്ട്. ഇതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് കനത്ത സുരക്ഷ ഉറപ്പാക്കും.
കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടർപട്ടിക തയ്യാറാക്കലും തിരഞ്ഞെടുപ്പ് നടത്തലും കമ്മീഷൻ്റെ കടമയാണെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
വോട്ടർപട്ടിക പുതുക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അന്തിമ പട്ടിക നൽകുകയും ചെയ്തിട്ടുണ്ട്. എല്ലാ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു. ബിഹാർ തിരഞ്ഞെടുപ്പ് ഇത്തവണ കൂടുതൽ ലളിതവും പരാതികളില്ലാത്തതുമായി നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കഴിഞ്ഞ തവണ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇത്തവണ ഒറ്റ ഘട്ടമായി നടത്തണമെന്നായിരുന്നു എൻ.ഡി.എയുടെ നിർദ്ദേശം. എന്നാൽ പ്രതിപക്ഷം രണ്ട് ഘട്ടം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദീപാവലിക്ക് ശേഷം നടക്കുന്ന ഛാഠ് പൂജ കൂടി കഴിഞ്ഞതിന് ശേഷം തിരഞ്ഞെടുപ്പ് മതിയെന്നും രാഷ്ട്രീയ പാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൻ്റെ തുടർഗതിയിൽ നിർണായകമാകും. വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ ഇനിയും കമ്മീഷനെ സമീപിക്കാമെന്നും കമ്മീഷൻ അറിയിച്ചു.