Banner Ads

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ജനങ്ങളെ കൊള്ളയടിക്കുന്നു; ഇന്ധനവില വർധനവിൽ കേന്ദ്രത്തിനെതിരെ വിജയ്

ചെന്നൈ : രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ ജനങ്ങളെ ബാധിക്കുന്ന ഇത്തരമൊരു തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ലെന്ന് വിജയ് വ്യക്തമാക്കി.

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കേന്ദ്രസർക്കാരിനെതിരെ വിജയ് നടത്തുന്ന ആദ്യത്തെ രാഷ്ട്രീയ നീക്കമാണിത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാണ് കേന്ദ്രം പെട്രോൾ വില വർധിപ്പിച്ചതെന്ന് വിജയ് വിമർശിച്ചു. വർധിപ്പിച്ച വില അടിയന്തരമായി പിൻവലിക്കണമെന്നും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയാണ് വർധിപ്പിച്ചത്.