
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു. ഒരു സ്ഥാനാർത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയുമാണ്.
മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ പരമാവധി 75000 രൂപയും, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 1,50,000 രൂപയും വരെ ചെലവാക്കാം. സ്ഥാനാർത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കുന്ന തുകയാണ് ഈ പരിധിയിൽ ഉൾപ്പെടുന്നത്. തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലകളിൽ പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം ചെലവ് കണക്ക് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഓൺലൈനായും കണക്ക് സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. www.sec.kerala.gov.in-ലെ Election Expenditure module വഴി സ്ഥാനാർത്ഥികൾക്ക് ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകാം. നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള എല്ലാ ചെലവുകളും കണക്കിൽ ഉൾപ്പെടുത്തണം.
കണക്കുകൾക്കൊപ്പം രസീതി, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം. ഒറിജിനൽ രേഖകൾ പരിശോധന ആവശ്യപ്പെട്ടാൽ ഹാജരാക്കുന്നതിനായി സ്ഥാനാർത്ഥികൾ സൂക്ഷിക്കണം. കണക്കുകൾക്കൊപ്പം രസീതി, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം.
ഒറിജിനൽ രേഖകൾ പരിശോധന ആവശ്യപ്പെട്ടാൽ ഹാജരാക്കുന്നതിനായി സ്ഥാനാർത്ഥികൾ സൂക്ഷിക്കണം. ചെലവ് കണക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ കമ്മീഷൻ അത്തരം സ്ഥാനാർത്ഥികളെ അയോഗ്യരാക്കും. ഉത്തരവ് തീയതി മുതൽ 5 വർഷത്തേക്കാണ് അയോഗ്യത വരിക.
അയോഗ്യനാക്കപ്പെട്ട വ്യക്തിക്ക് ഈ കാലയളവിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ അംഗമായി തുടരാനോ കഴിയില്ല. നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവഴിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ കമ്മീഷൻ അയോഗ്യതാ നടപടികൾ സ്വീകരിക്കും.