
തൃശൂർ : മതിലകം പറിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജിന് മുന്നിൽ വിദ്യാർഥി സംഘർഷം. കെ.എസ്.യു.- എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിലെ വിദ്യാർഥികൾക്കും പരിക്കേറ്റു.
കാലിക്കറ്റ് സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം കോളേജിന് പുറത്തേക്ക് നീണ്ടത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. യൂണിയൻ വിജയിച്ചിരുന്നു. കെ.എസ്.യു.വാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും തങ്ങളുടെ വിജയത്തിലുള്ള പ്രകോപനമാണ് സംഘർഷത്തിന് കാരണമെന്നും എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് അനസ് ആരോപിച്ചു.
കൈപ്പമംഗലത്തെ ഡി.വൈ.എഫ്.ഐ. നേതാക്കളും എസ്.എഫ്.ഐ. പ്രവർത്തകരുമാണ് പ്രശ്നമുണ്ടാക്കിയതെന്നും കെ.എസ്.യു. പ്രവർത്തകരെ ആക്രമിച്ചതെന്നും കെ.എസ്.യു. ആരോപിച്ചു.കോളേജിന് പുറത്ത് ഒരു ചായക്കടയ്ക്ക് മുന്നിലായിരുന്നു വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.