തൃശൂർ: വേട്ടയ്ക്കിടെ വേട്ടക്കാരനെ പന്നികൾ കൂട്ടമായി ആക്രമിച്ചു.വേട്ടക്കാരൻ വെട്ടിക്കടവ് സ്വദേശി മുകേഷാണ് (65)ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് സംഭവം. കണിയാമ്ബാൽ സ്വദേശി രവിയുടെ പനങ്ങായ് പാടത്തെ പയറിൻ തോട്ടത്തിലാണ് പന്നികൾ തമ്ബടിച്ചിരുന്നത്. പന്നികൾ വ്യാപകമായി പയർ ചെടികൾ നശിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞതനുസരിച്ചാണ് രവിയും വെടിവെക്കാൻ ലൈസൻസുള്ള സുഹൃത്ത് മുകേഷും തോക്കുമായി പാടത്തേക്ക് ചെന്നത്.
ഈ സമയം 20ൽ കൂടുതൽ കാട്ടുപന്നികൾ പയർ ചെടികൾ നശിപ്പിച്ചു കൊണ്ടിരുന്നു. പന്നികളെ വെടിവെക്കാൻ സമീപത്തെ തെങ്ങിൻ തോട്ടത്തിലേക്ക് നടക്കുന്നതിനിടെയാണ് പന്നിക്കൂട്ടം മുകേഷിനെ പിറകിലൂടെ വന്ന് ആക്രമിച്ചത്. മുകേഷിന്റെ കൈയും കാലും കടിച്ചു മുറിക്കുകയും തേറ്റ കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. തോക്ക് കൊണ്ട് പന്നികളെ അടിച്ചോടിക്കുന്നതിനിടെ ഒരു പന്നിക്ക് വെടിയേറ്റു. ഇതോടെ മറ്റു പന്നികൾ ചിതറിയോടി.
സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ മുകേഷിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കാണിയമ്ബാലിൽ കർഷകരുടെ അഭ്യർഥന മാനിച്ച് നഗരസഭ ലൈസൻസുള്ള എറണാകുളം മരട് സ്വദേശിയെ കൊണ്ടു വന്ന് രണ്ടുതവണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.