കൊച്ചി:എറണാകുളം ഗിരിനഗർ കമ്യൂണിറ്റി ഹാളിൽ ടെലിവിഷൻ ചാനലിനായി സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെ സീലിങ് തകർന്നു വീണു രണ്ട് കുട്ടികൾ അടക്കം നാലുപേർക്ക് പരിക്ക്.തിങ്കളാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം ആളുകൾ തിങ്ങിനിറഞ്ഞിരുന്ന ഹാളിന്റെ മധ്യഭാഗത്ത് സീലിങ്ങായ ജിപ്സം ബോർഡിന്റെ ഭാഗങ്ങൾ പൊളിഞ്ഞുവീഴുകയായിരുന്നു.
ആരുടെയും പരിക്ക് സാരമുള്ളതല്ല.തലയ്ക്ക് മുറിവേറ്റ കടവന്ത്ര ജവഹർ നഗറിലെ ജവഹർ ജുവൽ അപ്പാർട്മെന്റ്സിലെ ഷിജോയുടെ മകൾ ദക്ഷ (12), അമ്മ ചിത്ര, പുത്തൻകുരിശ് സ്വദേശി സുനിൽകുമാറിന്റെ മകൾ അമൃത (17) എന്നിവരെ കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷയ്ക്ക് സ്റ്റിച്ച് ഇടേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.തലയ്ക്കുപരിക്കേറ്റ റിനെ മെഡിസിറ്റിയിലെ ജനറൽമെഡിസിൻ ഡോക്ടർ ലക്ഷ്മി ഉണ്ണികൃഷ്ണൻചികിത്സയിലാണ്.
ലക്ഷ്മിക്ക് തലയിൽ ഏഴ് സ്റ്റാപ്ലിങ് സ്റ്റിച്ച് ഇട്ടു. മകളുടെ നൃത്തം ഉള്ളതിനാലാണ് ലക്ഷ്മി പരിപാടിക്ക് എത്തിയത്.പരിക്കേറ്റ കുട്ടികളെയുംകൊണ്ട് മാതാപിതാക്കൾ ആശുപത്രിയിലേക്ക് പാഞ്ഞു. രാവിലെ ആറുമുതൽ തുടങ്ങിയ ഡാൻസ് വാർ എന്ന പരിപാടി മുന്നൂറോളം കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങളും നൃത്താധ്യാപകരുമെല്ലാം സദസ്സിലെത്തിയിരുന്നു . 18 വയസ്സുവരെയുള്ള കുട്ടികളുടെ പല ഗ്രൂപ്പുകളിലായിരുന്നു മത്സരം.
ഞങ്ങളുടെ ഉഴം ആകുന്നതിനുമുന്നേ തൊട്ടു മുന്നിലായിരുന്നു സംഭവം. എല്ലാവരും പേടിച്ചു നിലവിളിച്ചു. ഭാഗ്യത്തിന് രക്ഷപ്പെട്ടു- പാലക്കാട് എലവഞ്ചേരിയിൽനിന്ന് കുട്ടികളുമായി നൃത്തമത്സരത്തിനെത്തിയ ഗീത പറഞ്ഞു. നൃത്തപരിപാടിക്ക് കോർപ്പറേഷന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് സ്ഥലം സന്ദർശിച്ച കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ മാലിനി കുറുപ്പ് പറഞ്ഞു.സംഭവത്തെ തുടർന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽനിന്ന് എ.എസ്.ഐ ഗിരീഷ്, ഷമീർ, സിപിഒ വിനോദ്, ശ്രീഹരീഷ് എന്നിവർ സ്ഥലത്തെത്തി. പോലീസിൽ ആരും പരാതിപ്പെട്ടിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.