Banner Ads

ചുട്ടുപൊള്ളി കേരളം: വൈദ്യുതി ഉപഭോഗത്തിൽ സർവ്വകാല റെക്കോർഡ്; പാലക്കാട് 40 ഡിഗ്രി കടന്നു

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കഠിനമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിക്കുന്നു. കൊടുംചൂടിന് പുറമെ പാചകവാതക ക്ഷാമം മൂലം ഇലക്ട്രിക് അടുപ്പുകളുടെ ഉപയോഗം വർദ്ധിച്ചതും വൈദ്യുതി ആവശ്യകത ഉയരാൻ കാരണമായി.ഇന്നലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട് എന്ന ചരിത്രപരമായ ഉയരത്തിലെത്തി.

ഇന്നലെ മാത്രം 112.5187 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മലയാളി ഉപയോഗിച്ചത്.ആഭ്യന്തര ഉത്പാദനം (ജലവൈദ്യുത നിലയങ്ങൾ ഉൾപ്പെടെ) 25.09 ദശലക്ഷം യൂണിറ്റ് മാത്രമാണ്.കുറവ് പരിഹരിക്കാൻ 87.4238 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്.വിഷുദിനത്തിലും സംസ്ഥാനം കനത്ത ചൂടിലാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നു.പാലക്കാട് സീസണിൽ രണ്ടാം തവണയും ചൂട് 40°C രേഖപ്പെടുത്തി,കൊല്ലം (38°C), കണ്ണൂർ, കോട്ടയം (37°C) എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയർന്നു.

നാല് സ്റ്റേഷനുകളിൽ യു.വി സൂചിക അപകടനിലയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അതിശക്തമായ ചൂട് കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പകൽ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.