
കരിമണ്ണൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ 42-കാരനായ വിൻസെന്റ് വെട്ടേറ്റ് മരിച്ചു. തലയോട്ടിയിലേക്കുള്ള ഞരമ്പ് മുറിഞ്ഞതാണ് മരണകാരണം. സംഭവത്തിൽ ബിനു ചന്ദ്രൻ (38) എന്നയാളെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി ബിനുവും ഓട്ടോറിക്ഷ ഡ്രൈവറായ എൽദോസും സുഹൃത്തുക്കളും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും, എൽദോസിന്റെ തലയ്ക്ക് ബിനു ബിയർ കുപ്പികൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് എൽദോസ് സുഹൃത്തായ വിൻസെന്റിനെയും കൂട്ടി രാത്രി ബിനുവിന്റെ താമസസ്ഥലത്തേക്കെത്തി. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിനു വിൻസെന്റിനെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിൻസെന്റിനെ ഉടൻ തന്നെ ഓട്ടോറിക്ഷയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.