Banner Ads

വിമാനത്താവളത്തിൽ ‘ബോംബ്’ പരാമർശം; പരിശോധനയ്ക്കിടെ പരിഭ്രാന്തി പരത്തിയ ഡ്രൈവർ അറസ്റ്റിൽ.

തിരുവനന്തപുരം: വിമാനത്താവള സുരക്ഷാ പരിശോധനയ്ക്കിടെ ‘ബോംബ്’ എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തി പരത്തിയ വാഹന ഡ്രൈവർ അറസ്റ്റിലായി. കോഴിക്കോട് വടകര സ്വദേശിയായ സുജിത്ത് ആണ് പിടിയിലായത്.സംഭവം ഇങ്ങനെ വിമാനത്താവള സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനത്തിൽ നടത്തിയ പരിശോധനയിൽ കണ്ട ഒരു പൊതിയെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രൈവറോട് ആരാഞ്ഞു.

ഈ സമയത്താണ് ഇയാൾ ‘ബോംബ്’ എന്ന വാക്ക് ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്.തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയെങ്കിലും വാഹനത്തിൽ ബോംബൊന്നും കണ്ടെത്താനായില്ല.എന്നാൽ, ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തി പരത്തിയതിനെത്തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഇയാളെ തടഞ്ഞുവെക്കുകയും വലിയതുറ പോലീസിന് കൈമാറുകയും ചെയ്തു.സിഐഎസ്എഫിന്റെ പരാതിയിൽ വലിയതുറ പോലീസ് സുജിത്തിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്തതായി വലിയതുറ എസ്.എച്ച്.ഒ. വി. അശോക് കുമാർ അറിയിച്ചു.