
കൊച്ചി : സർവകലാശാലകളിൽ ചാൻസലറും സിൻഡിക്കേറ്റും തമ്മിലുള്ള അധികാരത്തർക്കത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചാൻസലർ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ വെല്ലുവിളിക്കാൻ സിൻഡിക്കേറ്റിന് നിയമപരമായി അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ സർവകലാശാലകളിലെ ഭരണപരമായ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കാലിക്കറ്റ് സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥനെതിരെ സിൻഡിക്കേറ്റ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് ചാൻസലർ ഇടപെട്ട് സിൻഡിക്കേറ്റിന്റെ ഈ നടപടി റദ്ദാക്കുകയുണ്ടായി.
ചാൻസലറുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സിൻഡിക്കേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് ചാൻസലറുടെ അധികാരത്തെ ഉയർത്തിപ്പിടിക്കുന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.