
കൊച്ചി: സുരക്ഷയെ ചൊല്ലി ഹൈക്കോടതി പൊട്ടിത്തെറിച്ചു ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്.ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി ആരാഞ്ഞു. വരുന്നവരെ എല്ലാവരെയും ശ്വാസം മുട്ടിച്ച് കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി.
ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ സാധിക്കുമെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഓരോ സെക്ടറിലും എത്ര വലിപ്പം ഉണ്ടെന്നും കോടതി ചോദിച്ചു. സ്ഥലപരിമിതിയുള്ളതിനാൽ അതിന് അനുസരിച്ചേ ഭക്തരെ കയറ്റാൻ പാടുകയുള്ളുവെന്നും തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനം ഇല്ലലോയെന്നും കോടതി വിമര്‍ശിച്ചു.ദുരന്തം ഉണ്ടാകാനുള്ള അവസരം ഉണ്ടാക്കരുതെന്നും കുട്ടികളടക്കം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശബരിമലയിൽ ഇന്നലെ തിരക്ക് മൂലം ദര്‍ശനം നടത്താൻ കഴിയാതെ തീര്‍ത്ഥാടകര്‍ തിരിച്ചുപോകുന്ന സാഹചര്യമടക്കം വന്നിരുന്നു. മലയാളികളടക്കമുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്താതെ മടങ്ങി പന്തളത്ത് പോയി നെയ്യഭിഷേകം നടത്തി മടങ്ങുകയായിരുന്നു കഴിഞ്ഞദിവസങ്ങളിൽ. ഇന്നലെ വൈകിട്ടോടെയാണ് തിരക്ക് അൽപമെങ്കിലും നിയന്ത്രണവിധേയമായത്. ശബരിമലയിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചത്.