Banner Ads

സംഭാവന തട്ടിപ്പ് വിവാദം: അയോധ്യ ട്രസ്റ്റിന്റെ നിർണായക യോഗം ഇന്ന്; ചമ്പത് റായ് പങ്കെടുത്തേക്കില്ല

ദില്ലി : അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം കനക്കുന്നതിനിടെ ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ഇന്ന് മൂന്ന് മണിക്ക് അയോധ്യയിൽ ചേരും. അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച ചമ്പത് റായ്, ട്രസ്റ്റി ഡോ അനിൽ മിശ്ര എന്നിവരുടെ രാജി യോഗം അംഗീകരിക്കുമെന്നാണ് വിവരം.

ഇന്നത്തെ യോഗത്തിൽ ചമ്പത് റായ് പങ്കെടുത്തേക്കില്ലെന്നാണ് സൂചന. അതേസമയം പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി ഡൽഹിയിൽ ചേരുന്ന വിശ്വഹിന്ദു പരിഷത്ത് യോഗത്തിൽ പുതിയ ജനറൽ സെക്രട്ടറിയായി ബജ്രംഗ്ലാൽ ബാഗ്ഡയുടെ പേര് നിർദ്ദേശിക്കും.

വിഎച്ച്പിയുടെ ദേശീയ-അന്തർദേശീയ ജനറൽ സെക്രട്ടറിയായ ബജ്രംഗ്ലാൽ ബാഗ്ഡയുടെ പേരിനാണ് പരിഗണന. നിലവിലെ ട്രസ്റ്റ് അംഗമായ കൃഷ്ണമോഹന്റെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വിഎച്ച്പി ഇന്ദ്രപ്രസ്ഥ മേഖലാ സെക്രട്ടറി നീരജ് ദൗനേരിയയുടെ പേരും ട്രസ്റ്റംഗമായി ഉൾപ്പെടുത്തിയേക്കും.

ഇന്നത്തെ യോഗത്തിൽ രണ്ട് ട്രസ്റ്റ് അംഗങ്ങൾ വിർച്വലായി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക കൊള്ളയുടെയും സംഭാവന തട്ടിപ്പിന്റെയും വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കൂട്ടരാജി.