Banner Ads

പഠനം മുടക്കി പട്ടിപ്പേടി: ഓഡിറ്റോറിയത്തിൽ നായ പ്രസവിച്ചുകിടക്കുന്നു, വടിയുമായി അധ്യാപകർ; സ്കൂൾ പൂട്ടി എഇഒ

തൃശൂർ : തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന് തൃശൂർ ചൂണ്ടൽ ഗവ യുപി സ്കൂളിന് എഇഒ അവധി പ്രഖ്യാപിച്ചു. സ്കൂൾ വളപ്പിൽ നായ്ക്കൾ വിഹരിക്കാൻ തുടങ്ങിയതോടെ ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണ് അടച്ചിട്ടിരിക്കുന്നത്.

ക്ലാസ് മുറികളിലും വരാന്തയിലും മാത്രമല്ല, സ്കൂൾ ഓഡിറ്റോറിയത്തിൽ നാല് കുഞ്ഞുങ്ങളുമായി ഒരു നായ പ്രസവിച്ചു കിടക്കുന്ന അവസ്ഥയിലുമാണ്. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചിരുന്നു.

പിന്നീട് ഈ നായ ചാവുകയും പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് സ്കൂളിന് അവധി നൽകാൻ അധികൃതർ തീരുമാനിച്ചത്.

കുട്ടികളെ നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ അധ്യാപകർ വടികളുമായി കാവൽ നിൽക്കേണ്ട ഗതികേടിലാണെന്ന് പ്രധാന അധ്യാപിക ഷീജ പറഞ്ഞു. നായ്ക്കളുടെ പേടി കാരണം കുട്ടികൾക്ക് ശുചിമുറിയിൽ പോലും പോകാൻ കഴിയാത്ത സാഹചര്യമാണ്.

സ്കൂൾ കോമ്പൗണ്ടിലും കുട്ടികൾ വരുന്ന വഴിയിലുമെല്ലാം നായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടിപിടുത്തക്കാർ സ്കൂളിലെത്തിയെങ്കിലും നായ്ക്കളെ പിടികൂടാൻ കഴിഞ്ഞില്ല.

ഇതോടെയാണ് പ്രധാന അധ്യാപിക എഇഒയെ വിവരം അറിയിച്ചതും സ്കൂൾ അടച്ചിടാൻ ഉത്തരവായതും. കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണമെന്ന് രക്ഷിതാക്കളും പ്രദേശവാസികളും ആവശ്യപ്പെട്ടു.