Banner Ads

ഡോക്ടർമാരുടെ സമരം കടുക്കുന്നു; മെഡിക്കൽ കോളജുകളിൽ ഇന്ന് വീണ്ടും ഒപി ബഹിഷ്കരണം

കൊച്ചി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഇന്നും (ചൊവ്വാഴ്ച) ഒപി ബഹിഷ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ച സമരം ചെയ്തിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ വീണ്ടും സമരത്തിനിറങ്ങുന്നത്.

നവംബര്‍ 5, 13, 21, 29 തിയതികളിലും ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കും. ഇതോടൊപ്പം വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. ഔദ്യോഗിക യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതും തുടരുമെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അറിയിച്ചു. സമരത്തിൻ്റെ ഭാഗമായി കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സാ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ഈ സേവനങ്ങൾ മുടക്കമില്ലാതെ തുടരും. എൻട്രി കേഡർ അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തിലെ അപാകതകൾ പരിഹരിച്ച് പി.എസ്.സി നിയമനങ്ങൾ വേഗത്തിലാക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടൻ നൽകുക, താത്കാലിക സ്ഥലമാറ്റങ്ങൾ നടത്തി എൻഎംസിയുടെ (നാഷണൽ മെഡിക്കൽ കമ്മീഷൻ) കണ്ണിൽ പൊടിയിടാതെ സ്ഥിരം നിയമനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.