
ദില്ലി : പൗരത്വം നിർണയിക്കാനുള്ള നടപടിക്രമങ്ങൾ നീതിപൂർവവും വ്യക്തവുമായിരിക്കണമെന്ന് സുപ്രീംകോടതി. അസമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.
ട്രൈബ്യൂണൽ വിധി ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 27 പേരെ അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ ഇന്ത്യൻ പൗരന്മാരല്ലെന്ന് കണ്ടെത്തിയത്.
ഇതിനെതിരെ സമർപ്പിക്കപ്പെട്ട അപ്പീലിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഒരാൾ പൗരനാണോ എന്ന് പരിശോധിക്കാനും തീരുമാനിക്കാനും സർക്കാരിന് അവകാശമുണ്ട്.
എന്നാൽ ഈ നടപടികൾ തികച്ചും ന്യായമായ വഴികളിലൂടെയും വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചും മാത്രമായിരിക്കണം നിർണ്ണയിക്കേണ്ടത്. ഭരണഘടനാപരമായും നിയമപരമായും ഏറെ പ്രാധാന്യമുള്ള ഒന്നാണ് പൗരത്വം.
അതിനാൽ ഇത്തരം തീരുമാനങ്ങളിൽ തിടുക്കം കാട്ടരുത്. ഹർജിക്കാരുടെ അപേക്ഷകൾ വീണ്ടും പരിശോധിച്ച് തീർപ്പുകല്പിക്കാൻ ഫോറിനേഴ്സ് ട്രൈബ്യൂണലിന് കോടതി നിർദേശം നൽകി.