
തിരുവനന്തപുരം : കേരളത്തിൽ ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്ന 1.10 ലക്ഷം വിവാഹങ്ങളിൽ 30,000 എണ്ണവും വിവാഹമോചനത്തിനായി കുടുംബകോടതികളിൽ എത്തുന്നു. മുൻവർഷങ്ങളിൽ വിവാഹം ചെയ്തവരാണ് കൂടുതലെങ്കിലും ദാമ്പത്യബന്ധങ്ങളുടെ ആയുസ്സ് കുറഞ്ഞുവരുന്നു എന്നതിന്റെ സൂചനയാണിത്.
വിവാഹമോചനം ലഭിക്കാതെ വർഷങ്ങളോളം കോടതി കയറിയിറങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. വിവരാവകാശ നിയമപ്രകാരം ഹൈക്കോടതി പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ.
കോടതിയിലെത്താതെ വക്കീൽ നോട്ടീസ് അയച്ച് പിരിഞ്ഞു ജീവിക്കുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്ന് കുടുംബകോടതികളിലെ മുൻ ജഡ്ജിമാർ പറയുന്നു. വിവാഹമോചന കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്. രണ്ടാം സ്ഥാനം കൊല്ലത്തിനാണ്.