
കണ്ണൂർ : പയ്യാമ്പലം ശാന്തിതീരം പൊതു ശ്മശാനത്തിൽ ചിതയുടെ നമ്പർ മാറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ജീവനക്കാരന് ക്രൂരമർദനം. ഓഫീസിനുള്ളിൽ അതിക്രമിച്ചുകയറി ജീവനക്കാരനായ ചാലാട് സ്വദേശി രഞ്ജനെ മർദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.
കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ചിതയ്ക്ക് നൽകിയ നമ്പറിലെ പിഴവ് കാരണം മരിച്ച മറ്റൊരാളുടെ ബന്ധുക്കൾ മാറി കർമങ്ങൾ ചെയ്യുകയായിരുന്നു. എന്നാൽ പിഴവിന് ഉത്തരവാദി രഞ്ജനാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഓഫീസിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്.
താക്കോൽ ഉപയോഗിച്ച് നെറ്റിയിലും മുഖത്തും കുത്തുകയും നിലത്തു വീണ രഞ്ജന്റെ ദേഹത്തിരുന്ന് നെഞ്ചിലും തലയിലും മർദിക്കുകയും ചെയ്തതായി പൊലീസ് എഫ്ഐആറിൽ പറയുന്നു.
സംഭവം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് പറ്റിയ വീഴ്ചയാണെന്ന് ശ്മശാന ജീവനക്കാരും അല്ല ജീവനക്കാരുടെ പിഴവാണെന്ന് ഹെൽത്ത് ഇൻസ്പെക്ടറും ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്ഐ ടികെ അഖിലിനാണ് അന്വേഷണ ചുമതല.