
പാലക്കാട് : പാലക്കാട് മണ്ണാർക്കാട് കള്ള് ഷാപ്പിലെ തൊഴിൽ തർക്കത്തെച്ചൊല്ലി സിപിഎം – സിഎംപി പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം. ഇന്നലെ സിഎംപി പ്രവർത്തകർ പൂട്ടിയിട്ട ഷാപ്പ് തുറക്കാനായി സിപിഎം ഏരിയ സെക്രട്ടറിയും സംഘവും എത്തിയതോടെയാണ് സ്ഥിതിഗതികൾ വീണ്ടും വഷളായത്. ഷാപ്പിന് മുന്നിൽ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി.
സംഭവത്തിൽ മൂന്ന് സിഎംപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിരമിച്ച തൊഴിലാളിക്ക് പകരം എത്തിയ പുതിയൊരാളെ ജോലിയിൽ പ്രവേശിക്കാൻ കരാറുകാരൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സിഎംപിയുടെ നേതൃത്വത്തിൽ ഇന്നലെ ഷാപ്പ് അടപ്പിച്ചത്.
ഇത് ചോദ്യം ചെയ്യാനെത്തിയ സിഐടിയു പ്രവർത്തകരും സിഎംപി പ്രവർത്തകരും തമ്മിൽ ഇന്നലെയും സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും അതേ ഷാപ്പിന് മുന്നിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിന് പിന്നാലെ നഗരത്തിൽ സ്ഥാപിച്ചിരുന്ന സിഎംപിയുടെ ഫ്ലെക്സ് ബോർഡുകൾ സിപിഎം പ്രവർത്തകർ തകർത്തു.
അതേസമയം സിഎംപി പ്രവർത്തകരുടെ മർദ്ദനമേറ്റെന്ന് ആരോപിച്ച് ഷാപ്പിലെ രണ്ട് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹത്തെ സ്ഥലത്ത് ക്യാമ്പ് ചെയ്യിപ്പിച്ചിട്ടുണ്ട്.