
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI) പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭാ യോഗത്തിൽ ഈ വിവരം അറിയിച്ചത്.പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിഞ്ഞ ഒക്ടോബർ 29-ന് മന്ത്രിസഭ തീരുമാനമെടുത്തിരുന്നുവെങ്കിലും, വിദ്യാഭ്യാസ വകുപ്പ് കത്തയക്കുന്നത് ബോധപൂർവം വൈകിപ്പിച്ചു എന്ന ആരോപണം ഉയർന്നിരുന്നു.
കത്തയക്കാൻ വൈകുന്നതിൽ സി.പി.ഐ. (CPI) കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് എന്നിവർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കത്ത് വൈകുന്നതിലുള്ള പാർട്ടിയുടെ അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് ഒടുവിൽ കേന്ദ്രത്തിന് കത്തയച്ചത്. ഇന്നും സി.പി.ഐ. അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അടിയന്തര നടപടി ഉണ്ടായത്.അതേസമയം, സംസ്ഥാനത്തിന് നേരത്തെ തടഞ്ഞു വെച്ചിരുന്ന എസ്.എസ്.കെ. (SSK) ഫണ്ടിന്റെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചു എന്ന വിവരവും പുറത്തുവന്നു.