Banner Ads

ആലപ്പുഴയിൽ മദ്യപാനത്തിനിടെ തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ചുങ്കത്ത് മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ പാലസ് വടശ്ശേരി മാപ്പിളപ്പറമ്പിൽ വീട്ടിൽ ആന്റണി വർഗീസ് (ഉണ്ണി-33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആലപ്പുഴ സക്കറിയ ബസാർ സ്വദേശി അഫ്സലിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാത്രി ചുങ്കം പാലത്തിന് സമീപമുള്ള പഴയ ഓഡിറ്റോറിയത്തിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന പറമ്പിലായിരുന്നു സംഭവം.ആന്റണിയും അഫ്സലും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയായിരുന്നു.

വഴക്കിനിടെ ആന്റണി കല്ലെടുത്ത് അഫ്സലിന്റെ ദേഹത്തേക്ക് എറിഞ്ഞു. ഇതിൽ പ്രകോപിതനായ അഫ്സൽ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ആന്റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു. കുത്തേറ്റ ആന്റണി രാത്രി പരിക്കുകളോടെ സംഭവസ്ഥലത്തുതന്നെ കിടന്നു. ശനിയാഴ്ച പുലർച്ചെ 6.10 ഓടെ വഴിയിലൂടെ പോയ ചിലരോട് ഇയാൾ സംസാരിച്ചതായി നാട്ടുകാർ പറഞ്ഞു.സമീപത്തെ പെട്ടിക്കട തുറക്കാനെത്തിയ ആളാണ് പറമ്പിൽ പരിക്കേറ്റ് കിടക്കുന്ന ആന്റണിയെ കണ്ടത്.

തുടർന്ന് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിൽ അറസ്റ്റിലായ അഫ്സലിനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.