
കോട്ടയം : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. സംസ്ഥാന പോലീസിലെ ഉന്നത പദവി വഹിച്ച വ്യക്തിയായതിനാൽ ശിക്ഷാ ഇളവിന് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി.
വിധിക്ക് പിന്നാലെ ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. 2007ൽ രജിസ്റ്റർ ചെയ്ത കേസിൽ നീണ്ട 19 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തേക്കാൾ 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
സ്വത്തിന്റെ വരുമാനസ്രോതസ്സ് തെളിയിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. അതേസമയം തച്ചങ്കരിയുടെ അനധികൃത ചെലവുകളുടെ കൃത്യമായ രേഖകൾ ഹാജരാക്കാൻ വിജിലൻസിന് സാധിച്ചു. 2013ൽ എഡിജിപി ആയിരിക്കെയാണ് വിജിലൻസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ പുറത്തുവന്നിരുന്നു.
വിജിലൻസ് സമർപ്പിച്ച തെളിവുകളെല്ലാം ശരിവെച്ചാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വിധിക്ക് മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തനിക്ക് കഠിനമായ നെഞ്ചുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടെന്ന് തച്ചങ്കരി പറഞ്ഞു. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.