Banner Ads

മന്ത്രിയെ അപമാനിച്ചു: പി.എം. ശ്രീ വിഷയത്തിൽ കോലം കത്തിച്ച സി.പി.ഐ.ക്കാർക്കെതിരെ അച്ചടക്ക നടപടി.

കണ്ണൂർ: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതിനെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തിൽ സി.പി.ഐ.യിൽ അച്ചടക്ക നടപടി. കണ്ണൂർ ജില്ലയിലെ രണ്ട് യുവനേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി.

സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് നിർണ്ണായകമായ ഈ തീരുമാനമെടുത്തത്. എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. രജീഷ്, ജില്ലാ സെക്രട്ടറി സാഗർ കെ.വി. എന്നിവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ‘കൈവിട്ട പ്രതിഷേധത്തിൻ്റെ സാഹചര്യം വ്യക്തമാക്കണം’ എന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ, എ.ഐ.വൈ.എഫ്. ഇന്നലെ ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. “വിദ്യാഭ്യാസ മന്ത്രിക്ക് വേദനയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണ്. എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും കൈക്കൊണ്ട നിലപാടുകൾ തികച്ചും ആശയപരം,” എന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്

സി.പി.ഐ. മന്ത്രിമാർക്കെതിരെയും യുവജന-വിദ്യാർത്ഥി സംഘടനകളുടെ സമരത്തിനെതിരെയും മന്ത്രി വി. ശിവൻകുട്ടി ശക്തമായ നിലപാടെടുത്തതിന് പിന്നാലെയാണ് ടി.ടി. ജിസ്‌മോൻ ഖേദം പ്രകടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് കണ്ണൂരിലെ നേതാക്കൾക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. സി.പി.ഐ.ക്കുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തരപ്രശ്നങ്ങൾ ഇത് കൂടുതൽ രൂക്ഷമാക്കിയേക്കും.