
ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ അഖിൽ മാരാർക്കെതിരെ പരിഹാസവും രൂക്ഷവിമർശനവുമായി സംവിധായകൻ ബാബു ജോൺ. അഖിൽ മാരാർ നായകനായ ‘മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാബു ജോൺ. സിനിമയുടെ പരാജയം സ്വന്തം വീഴ്ചയാണെങ്കിലും, നിലപാടുകളില്ലാത്ത അഖിൽ മാരാരുടെ അവസരവാദപരമായ നിലപാടുകളാണ് ചിത്രത്തിന് തിരിച്ചടിയായതെന്ന് ബാബു ജോൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കാസ്റ്റിങ്ങിലെ പിഴവും മേക്കിങ്ങിലെ പാളിച്ചകളും ഉൾപ്പെടെ ‘മുള്ളൻകൊല്ലി’ എന്ന ചിത്രത്തിന്റെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്ക് തന്നെയാണ്.സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം വരെ സ്വന്തം ചെലവിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ വലിയ ഫ്ലക്സ് ബോർഡുകൾ വെച്ച് സിനിമയെക്കുറിച്ച് പ്രശംസിച്ചു സംസാരിച്ച ആളാണ് അഖിൽ. എന്നാൽ സോഷ്യൽ മീഡിയയിൽ സിനിമയ്‌ക്കെതിരെ എതിർപ്പുയർന്നതോടെ അദ്ദേഹം നിലപാട് മാറ്റി സിനിമയ്‌ക്കെതിരെ തന്നെ സംസാരിച്ചു തുടങ്ങി.
പാർട്ടി വിട്ടശേഷമുള്ള അഖിലിന്റെ പ്രതികരണങ്ങൾ കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും, മുൻപ് സിനിമയിൽ കാണിച്ച അതേ നിലപാടില്ലായ്മയും മറുകണ്ടം ചാടലുമാണ് ഇപ്പോൾ രാഷ്ട്രീയത്തിലും ആവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. പാർട്ടി ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളാണ് അഖിൽ ഉന്നയിച്ചത്.
പാർട്ടിയിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്നില്ല.കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഫോൺ വിളിച്ചാൽ പോലും സാബു എം. ജേക്കബ് എടുക്കുന്നില്ല.ട്വന്റി 20 എന്നത് സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ ആരോപിച്ചു.