Banner Ads

മാസങ്ങളായി ഡീസൽ ചോർത്തി: എൻ.എച്ച്. നിർമ്മാണ സൈറ്റിലെ മോഷണക്കേസിലെ മുഖ്യപ്രതി പിടിയിൽ.

ഹരിപ്പാട്: ദേശീയപാത നിർമ്മാണക്കരാർ ഏറ്റെടുത്ത വിശ്വസമുദ്ര കമ്പനിയുടെ വാഹനങ്ങളിൽ നിന്ന് മാസങ്ങളായി ഡീസൽ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ രഞ്ജിൽ (30) ആണ് ഹരിപ്പാട് പോലീസിൻ്റെ വലയിലായത്.കമ്പനിയുടെ ടിപ്പർ വാഹനങ്ങൾ ഓടിക്കുന്ന ജീവനക്കാർ തന്നെയാണ് ഈ മോഷണത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇവരിൽ പ്രധാനിയാണ് അറസ്റ്റിലായ രഞ്ജിൽ.വാഹനങ്ങൾ വാടകവീടിന് സമീപം നിർത്തിയിട്ട ശേഷം, മുറിയിൽ സൂക്ഷിച്ചിരുന്ന മോട്ടോറും പൈപ്പും ഉപയോഗിച്ച് ടാങ്കിൽ നിന്ന് ഡീസൽ വലിയ വീപ്പകളിലേക്ക് മാറ്റുകയായിരുന്നു ഇവരുടെ രീതി. മോഷ്ടിച്ച ഡീസൽ പിന്നീട് കന്നാസുകളിലാക്കി വിൽക്കാൻ തയ്യാറാക്കി വെക്കും. മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നത് രഞ്ജിലാണ്.

ഡീസൽ മോഷണം സംബന്ധിച്ച് കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടന്ന രഹസ്യാന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ താമസിച്ചിരുന്ന വാടകവീട് നിരീക്ഷിക്കുന്നതിനിടെ, വീടിൻ്റെ മേൽക്കൂരയിലൂടെ പുറത്തേക്ക് നീണ്ട പൈപ്പ് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടു.

ഇത് മോഷണത്തിനായി ഉപയോഗിക്കുന്നതാണെന്ന് മനസ്സിലാക്കിയ പോലീസ്, പ്രതികളിലൊരാൾ വീട്ടിലെത്തിയ ഉടൻ തന്നെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ രഞ്ജിൽ കുറ്റം സമ്മതിച്ചു.മോഷണത്തിനായി ഉപയോഗിച്ചിരുന്ന പിക്ക് അപ്പ് വാഹനവും, 805 ലിറ്റർ ഡീസലും, ഡീസൽ മോഷ്ടിക്കാൻ ഉപയോഗിച്ച മോട്ടോറും പൈപ്പും അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.അറസ്റ്റിലായ രഞ്ജിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐമാരായ ഷൈജ, ജോബിൻ, എസ്‌സിപിഒ സനീഷ്, സിപിഒമാരായ അനീഷ്, വൈശാഖ്, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.