Banner Ads

കാറ്റും മഴയും ഉണ്ടാകുമെന്ന് കരുതിയില്ല: സ്കൂൾ ഗെയിംസ് അപകടത്തിൽ സംഘാടകരെ ന്യായീകരിച്ച് വിചിത്ര റിപ്പോർട്ട്

തൃശ്ശൂർ : സംസ്ഥാന സ്‌‌കൂൾ ഗെയിംസിനിടെ അക്വാട്ടിക് കോംപ്ലക്സിൽ റൂഫിംഗ് തകർന്നു വീണുണ്ടായ അപകടത്തിൽ സംഘാടനത്തിലെ വീഴ്ചകൾ മറച്ചുവെച്ച് വിചിത്ര റിപ്പോർട്ട് സമർപ്പിച്ച് തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ. വെയിൽ പ്രതിരോധിക്കാനാണ് താൽക്കാലിക റൂഫിംഗ് ഒരുക്കിയതെന്നും കാറ്റും മഴയും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് ഡിഡിഇയുടെ റിപ്പോർട്ടിലുള്ളത്.

താൽക്കാലിക ഗാലറിയുടെ ഷീറ്റുകൾ തകർന്നുവീണ് പത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് പരിക്കേറ്റത്. ഇതിൽ നാല് കുട്ടികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ള ജനപ്രതിനിധികൾ സുരക്ഷാവീഴ്ചയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടും സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

പരാതിക്കാർ ആരുമില്ലെന്നും സ്വമേധയാ കേസെടുക്കുന്നതിൽ നിയമതടസ്സങ്ങളുണ്ടെന്നുമാണ് പോലീസിന്റെ നിലപാട്. എന്നാൽ അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.