
ദില്ലി : ദീപാവലി ഉത്സവ സീസണിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടുന്നത് തടയാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) ഇടപെട്ടു. ഉയർന്ന ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച കാര്യങ്ങൾ ഡി.ജി.സി.എ. അവലോകനം ചെയ്യുകയും വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്താനും ടിക്കറ്റ് നിരക്ക് ന്യായമായ നിലയിൽ നിലനിർത്താനും റെഗുലേറ്റർ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. പ്രധാന റൂട്ടുകളിലെ വിമാന യാത്രാനിരക്കുകളുടെ ട്രെൻഡുകൾ വിലയിരുത്തിയ ശേഷമാണ് ഡി.ജി.സി.എ. ഈ നടപടി സ്വീകരിച്ചത്.
ഉത്സവകാലയളവിൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ അധികഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡി.ജി.സി.എ. അറിയിച്ചു. ടിക്കറ്റ് നിരക്ക് വർദ്ധനവിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.