Banner Ads

കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം; പെരുമാളെ തൊഴാൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്, വെള്ളിയാഴ്ച തിരുവോണം ആരാധന

കൊട്ടിയൂർ : തിരുവോണം ആരാധനയ്ക്കായി കൊട്ടിയൂരിലെ അക്കരെ ക്ഷേത്രം ഒരുങ്ങുന്നു. വെള്ളിയാഴ്ചയാണ് ഉത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന നടക്കുക. ചടങ്ങുകളുടെ ഭാഗമായി വലിയ ഒരുക്കങ്ങളാണ് അക്കരെ കൊട്ടിയൂരിൽ പൂർത്തിയായിരിക്കുന്നത്. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും നടക്കും.

സന്ധ്യയ്ക്കാണ് ചടങ്ങായ ആരാധന പൂജ നടക്കുക. ഞായറാഴ്ച ഇളനീർവെപ്പും തിങ്കളാഴ്ച ഇളനീരാട്ടവും അഷ്ടമി ആരാധനയും നടക്കും. ഉത്സവ ചടങ്ങുകൾക്കായി അക്കരെ ക്ഷേത്രത്തിലെ മണിത്തറയിൽ താത്കാലിക ശ്രീകോവിൽ നിർമാണം ബ്രാഹ്മണസ്ഥാനികരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. വൈശാഖോത്സവത്തിലെ നിത്യപൂജകളും തുടരുന്നു. അക്കരെ കൊട്ടിയൂരിലേക്ക് വലിയ തോതിലുള്ള ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് കൊട്ടിയൂർ പെരുമാളെ തൊഴുതുമടങ്ങാൻ ദിവസവും എത്തുന്നത്. രാവിലെ മുതൽ ക്ഷേത്രത്തിൽ നീണ്ട വരിയാണ്. മണിക്കൂറുകളോളം കാത്തുനിന്നാണ് ഭക്തർക്ക് ദർശനം സാധ്യമാകുന്നത്. വൈകുന്നേരത്തോടെയാണ് തിരക്കിന് കുറവുണ്ടാകുന്നത്.