
റിയാദ് : സൗദി അറേബ്യയിൽ ആശ്രിത (ഫാമിലി) വിസയിൽ രാജ്യത്ത് കഴിയുന്നവർക്ക് ജോലി ചെയ്യാൻ അനുമതി നൽകി സൗദി മന്ത്രിസഭ. പ്രവാസി തൊഴിലാളികളുടെ സ്‌പോൺസർഷിപ്പിൽ രാജ്യത്തുള്ളവർക്ക് ഏറെ ഗുണകരമാകുന്ന തീരുമാനമാണിത്.
ആശ്രിത വിസയിലുള്ളവരുടെ ജോലി ക്രമീകരിക്കുന്നതിനും കൂടുതൽ മേഖലകളിലും തൊഴിലുകളിലും ഇവർക്ക് തൊഴിൽ അനുമതി നൽകുന്നതിനും മാനവശേഷി മന്ത്രിക്ക് മന്ത്രിസഭ അധികാരം നൽകിയിട്ടുണ്ട്. കൂടാതെ ആശ്രിത വിസയിലെത്തി ജോലി ചെയ്യുന്നവർക്കുള്ള ലെവി (ഫീസ്) നിശ്ചയിക്കാനുള്ള ചുമതലയും മന്ത്രിയെ ഏൽപ്പിച്ചിട്ടുണ്ട്. ഈ പുതിയ തീരുമാനം വഴി രാജ്യത്തെ തൊഴിൽ മേഖലയിൽ കൂടുതൽ പ്രവാസികൾക്ക് അവസരം ലഭിക്കും.