Banner Ads

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: കുറ്റക്കാരനായ അധ്യാപകനെ പുറത്താക്കണമെന്ന് പി.കെ.എസ്.

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ അധ്യാപകനെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നീതി ഉറപ്പാക്കുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.പി.കെ.എസ് സംസ്ഥാന സെക്രട്ടറി വി. പൊന്നുക്കുട്ടൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനവും മാനസിക പീഡനവുമാണ് ഇത്തരം ദാരുണ സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കുറ്റക്കാരനായ അധ്യാപകനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കോളേജ് അധികൃതർ ഇതിന് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സുനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രമുഖ നേതാക്കളായ കെ. ജനാർദ്ദനൻ വണ്ടിത്തടം, വി.കെ. ശാലിനി, ഡോ. ഹരീഷ് പി.കെ എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

വിദ്യാർത്ഥിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പി.കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.