
പത്തനംതിട്ട : പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ കൂടൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി. വകുപ്പുതല അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സിഐക്കെതിരായ നടപടിയിൽ ഡിഐജി ഉടൻ തീരുമാനമെടുക്കും.
കോന്നി സിഐയാണ് കൂടൽ സ്റ്റേഷന്റെ ചുമതല നിർവഹിച്ചിരുന്നത്. പോലീസുകാർക്കെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്തുകൊണ്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഡിഐജിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സഹപാഠികൾ ഉൾപ്പെടെ പത്തോളം പേർ ചേർന്ന് പീഡിപ്പിച്ചെന്ന 13കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആറുപേരെ കൂടൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലും ചോദ്യം ചെയ്യലിലും പെൺകുട്ടിയുടെ പരാതി വ്യാജമാണെന്ന് തെളിയുകയായിരുന്നു. കസ്റ്റഡിയിലായവരിൽ ഇരുപതുകാരനായ യുവാവിനെ പോലീസ് മൂന്നാംമുറയ്ക്ക് ഇരയാക്കിയെന്ന പരാതി പുറത്തുവന്നു.
താൻ അടുത്തിടെ ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നയാളാണെന്ന് പറഞ്ഞിട്ടും പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചൂരൽ കൊണ്ട് കാൽവെള്ളയിൽ അടിക്കുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി. പോലീസ് മർദ്ദനത്തിനെതിരെ കുടുംബം ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതോടെയാണ് എസ്ഐക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.