Banner Ads

തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തം, സിപിഎമ്മിൽ ആ രീതിയില്ല; നേതൃമാറ്റ ചർച്ചകൾ തള്ളി കെകെ ശൈലജ

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നേതൃമാറ്റം വരുത്തുന്ന രീതി സിപിഎമ്മിനില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജ. ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും വ്യക്തിപരമായ ഒന്നല്ലെന്നും ശൈലജ പറഞ്ഞു. ഇടതുപക്ഷം ക്ഷീണിച്ചുപോകരുത് എന്നാണ് ജനാധിപത്യ വിശ്വാസികളായ എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് ആവശ്യമായ തിരുത്തൽ നടപടികൾ പാർട്ടി നേതൃത്വം കൈക്കൊള്ളും.

തെറ്റ് തിരുത്തി വരുന്നവർ പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നതിൽ കുഴപ്പമില്ലെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് താൻ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു കെകെ ശൈലജയുടെ മറുപടി.