Banner Ads

അരനൂറ്റാണ്ടിന്റെ പത്രപ്രവർത്തനത്തിന് തിരശ്ശീല; പത്മഭൂഷൺ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

ബെംഗളൂരു : മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം 4.30 ഓടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച പ്രതിഭയാണ് ടിജെഎസ് ജോര്‍ജ്.

മാധ്യമപ്രവര്‍ത്തകൻ, സാഹിത്യക്കാരൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു. 1950ൽ ബോംബെയിലെ ഫ്രീ പ്രസ് ജേണലിലാണ് അദ്ദേഹം പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവർത്തന രംഗത്ത് പ്രവർത്തിച്ചു. ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ മാധ്യമപ്രവർത്തകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരായിരുന്നു. വി.കെ. കൃഷ്ണമേനോൻ, എം.എസ്. സുബ്ബലക്ഷ്മി, നർഗീസ്, പോത്തൻ ജോസഫ്, ലീ ക്വാൻ യ്യൂ തുടങ്ങിയ മഹാൻമാരുടെ ജീവചരിത്രങ്ങളും ‘ഘോഷയാത്ര’ എന്ന ഓർമക്കുറിപ്പും ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി 20 ലധികം കൃതികൾ അദ്ദേഹം രചിച്ചു.

2011ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2017ൽ സ്വദേശാഭിമാനി പുരസ്‌കാരവും ലഭിച്ചിരുന്നു.സംസ്കാരം ഞായറാഴ്ച ബെംഗളൂരു ഹെബ്ബാൾ ക്രിമറ്റോറിയത്തിൽ നടക്കും. ടി.ജെ.എസ്. ജോർജിന്റെ മരണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ അനുശോചിച്ചു. “വാക്ക് പടവാളാക്കിയ വ്യക്തിയായിരുന്നു” അദ്ദേഹമെന്ന് സിദ്ധരാമയ്യ അനുസ്മരിച്ചു.