Banner Ads

ആനക്കൊമ്പ് കേസിൽ നിർണ്ണായക നീക്കം; വനംവകുപ്പിന്റെ പൊതുമാപ്പ് തേടി നടൻ മോഹൻലാൽ

കൊച്ചി : ആനക്കൊമ്പ് കൈവശം വെച്ച കേസിൽ പുതിയ നീക്കവുമായി നടൻ മോഹൻലാൽ. തന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെയും മറ്റ് വസ്തുക്കളുടെയും വിവരങ്ങൾ മോഹൻലാൽ വനംവകുപ്പിന് കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് നടപടി.

കഴിഞ്ഞ മാർച്ച് മാസത്തിൽ മലയാറ്റൂർ ഡിഎഫ്ഒയ്ക്ക് മോഹൻലാൽ നൽകിയ അപേക്ഷയിലാണ് തുടർനടപടികൾ ആരംഭിച്ചിരിക്കുന്നത്. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് താരത്തിന്റെ കൈവശമുള്ളതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

2011 ഡിസംബർ 21ന് മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ട് ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. ആനക്കൊമ്പുകൾ സൂക്ഷിക്കാനുള്ള ലൈസൻസ് രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുത്തു.

പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുള്ള നടപടികൾ അന്നത്തെ സർക്കാർ ആരംഭിച്ചു. ഇതിന് പിന്നാലെ മോഹൻലാലിന് ആനക്കൊമ്പ് കൈവശം വെക്കാനുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകി സർക്കാർ ഉത്തരവിറക്കി.

എന്നാൽ സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ കേരള ഹൈക്കോടതി ലൈസൻസ് റദ്ദാക്കുകയായിരുന്നു. ലൈസൻസ് അനുവദിച്ച നടപടിക്രമങ്ങളിൽ സാങ്കേതിക പിഴവുകൾ ഉണ്ടായെന്ന് കണ്ടെത്തിയായിരുന്നു കോടതി വിധി.