Banner Ads

ഓണത്തിന് മുൻപേ അടുക്കള പൊള്ളുന്നു; പച്ചക്കറികൾക്ക് തീവില, ഇഞ്ചിക്കും വെളുത്തുള്ളിക്കും 300 കടന്ന് വില

കോഴിക്കോട് : ചിങ്ങമാസവും ഓണക്കാലവും എത്തുന്നതിന് മുൻപേ സംസ്ഥാനത്ത് പച്ചക്കറി വിപണിയിൽ വൻ വിലക്കയറ്റം. സവാള, ഇഞ്ചി, വെളുത്തുള്ളി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.

അയൽ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം കാരണം കൃഷി നശിച്ചതും വിപണിയിലേക്ക് സാധനങ്ങളുടെ വരവ് കുറഞ്ഞതുമാണ് കേരളത്തിൽ വിലക്കയറ്റത്തിന് കാരണം. ഒരു മാസം മുൻപ് വരെ 100 രൂപയ്ക്ക് നാലും അഞ്ചും കിലോ ലഭിച്ചിരുന്ന സവാളയ്ക്കാണ് വില കുതിച്ചുയർന്നത്.

കോഴിക്കോട് പാളയം മാർക്കറ്റിൽ സവാളയ്ക്ക് 35 രൂപയാണ് ഇന്നത്തെ വില. ചില്ലറ വിപണിയിൽ കിലോയ്ക്ക് 50 രൂപ വരേ ഈടാക്കുന്നുണ്ട്. വിപണിയിൽ ഏറ്റവും കൂടുതൽ എരിവ് കൂട്ടുന്നത് ഇഞ്ചി വിലയാണ്. ഒരു കിലോ ഇഞ്ചിക്ക് 250 മുതൽ 350 രൂപ വരെയാണ് വില.

മൂപ്പെത്താത്ത ഗുണം കുറഞ്ഞ ഇഞ്ചിക്ക് പോലും 150 മുതൽ 250 രൂപ വരെ ഈടാക്കുന്നുണ്ടെങ്കിലും ഇതും വിപണിയിൽ കിട്ടാനില്ലാത്ത അവസ്ഥയാണ്. വെളുത്തുള്ളി വിലയും ഒട്ടും കുറവല്ല. കിലോയ്ക്ക് 250 മുതൽ 300 രൂപ വരെയാണ് വെളുത്തുള്ളിയുടെയും വില നിലവാരം.

തക്കാളി, കോളിഫ്ളവർ, കാബേജ് എന്നിവയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. കോളിഫ്ളവറിനും കാബേജിനും കിലോയ്ക്ക് 44 മുതൽ 56 രൂപ വരെ നൽകണം.