Banner Ads

വിമർശിച്ചവർ മൂക്കത്ത് വിരൽ വച്ചു; കിലോയ്ക്ക് 10 രൂപ ലാഭത്തിൽ വർഷം 25 ലക്ഷം നേടി യുവാവ്

ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ മികച്ചൊരു ഐടി ജോലി ലഭിക്കുക എന്നത് ഏതൊരു യുവാവിന്റെയും സ്വപ്നമാണ്. എന്നാൽ കയ്യിൽ കിട്ടിയ അത്തരമൊരു അവസരം തട്ടിക്കളഞ്ഞ് തികച്ചും പരമ്പരാഗതമായ അരി ബിസിനസിലേക്ക് ഇറങ്ങി വിജയം കൊയ്തിരിക്കുകയാണ് ഒരു യുവാവ്.

ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ ക്യാമ്പസ് പ്ലേസ്‌മെന്റ് ഓഫർ വേണ്ടെന്നുവെച്ചാണ് ഇയാൾ റിസ്ക് നിറഞ്ഞ ഈ മേഖല തിരഞ്ഞെടുത്ത് വിജയം വരിച്ചത്. അങ്കിത് പാണ്ഡെ എന്ന യുവാവാണ് തന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചത്.

ഐടി ജോലി ഉപേക്ഷിച്ച സമയത്ത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ചെയ്യുന്നതെന്ന് പറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ യുവാവിനെ വിമർശിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾക്കൊന്നും ചെവികൊടുക്കാതെ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് ഗ്രാമങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് അരി സംഭരിക്കുന്ന മാർഗ്ഗമാണ് യുവാവ് സ്വീകരിച്ചത്.

കർഷകരിൽ നിന്ന് വാങ്ങുന്ന അരി വൃത്തിയാക്കി സ്വന്തം ബ്രാൻഡിൽ പാക്ക് ചെയ്ത് കടകളിൽ എത്തിച്ചാണ് ബിസിനസ് പടുത്തുയർത്തിയത്. ഒരു കിലോയ്ക്ക് 35 രൂപ നിരക്കിലാണ് കർഷകരിൽ നിന്ന് അരി വാങ്ങുന്നത്. പാക്കിംഗിന് 3 രൂപയും ഗതാഗതച്ചെലവായി 2 രൂപയും അടക്കം ഒരു കിലോ അരിക്ക് മൊത്തം 40 രൂപയാണ് ഇയാൾക്ക് ചെലവ് വരുന്നത്.

ഈ അരി ഒരു കിലോയ്ക്ക് 50 രൂപ നിരക്കിൽ ഇയാൾ വ്യാപാരികൾക്ക് നൽകുന്നു. വ്യാപാരികൾ ഇത് 55 മുതൽ 57 രൂപ വരെ വിലയ്ക്കാണ് ഉപഭോക്താക്കൾക്ക് വിൽക്കുന്നത്. ഇതുവഴി ഒരു കിലോ അരി വിൽക്കുമ്പോൾ 10 രൂപയാണ് യുവാവിന് ലാഭമായി ലഭിക്കുന്നത്. ഇരുനൂറോളം കടകളിലേക്ക് പ്രതിമാസം 20000 കിലോഗ്രാം (200 ക്വിന്റൽ) അരിയാണ് ഇയാൾ സപ്ലൈ ചെയ്യുന്നത്.

ഇതുവഴി വർഷം 25 ലക്ഷം രൂപയോളം ഇയാൾക്ക് ലാഭമായി ലഭിക്കുന്നുണ്ടെന്ന് അങ്കിത് പാണ്ഡെ കുറിച്ചു. ഐടി ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തേക്കാൾ ഉയർന്ന വരുമാനവും അതോടൊപ്പം സ്വന്തമായി ഒരു ബിസിനസ് പടുത്തുയർത്തിയതിന്റെ സംതൃപ്തിയും ഇന്ന് ഈ യുവാവിനുണ്ട്.

ക്രിയേറ്റീവായ ആശയങ്ങളും കഠിനാധ്വാനവും ഉണ്ടെങ്കിൽ പരമ്പരാഗത മേഖലകളിൽ പോലും വലിയ വിജയങ്ങൾ കൊയ്യാമെന്ന് തെളിയിക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം. ധൈര്യത്തോടെ റിസ്ക് എടുക്കാൻ തയ്യാറാകുന്ന പുതിയ തലമുറയിലെ സംരംഭകർക്ക് ഒരു വലിയ പ്രചോദനമായി മാറിയിരിക്കുകയാണ് ഈ സംഭവം.