
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ നിന്ന് പിന്മാറേണ്ടതില്ലെന്ന് സി.പി.എം. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണ് നിലപാട് അറിയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐയുമായി ചർച്ചകൾ നടത്തുമെന്നും സി.പി.എം. വ്യക്തമാക്കി.
പദ്ധതിയിൽ ഒപ്പിട്ട സാഹചര്യത്തിൽ സർക്കാരിന് പിന്മാറാൻ കഴിയില്ല. പി.എം. ശ്രീയിൽ ഒപ്പിട്ടതിനെ നയം മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ല. ഇത് നയപരമായ സർക്കാർ തീരുമാനമാണ്. സി.പി.എം.-സി.പി.ഐ. ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. എല്ലാ ആശയക്കുഴപ്പവും പരിഹരിക്കാൻ ചർച്ചയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
സി.പി.ഐയുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുണ്ടായിട്ടും പദ്ധതിയിൽ നിന്ന് പിന്മാറാൻ സി.പി.എം. സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തില്ല. മുഖ്യമന്ത്രിയും എൽ.ഡി.എഫ്. കൺവീനറും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഈ മാസം 29-ന് ശേഷം എൽ.ഡി.എഫ്. കൺവീനർ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.