
തിരുവനന്തപുരം : കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നിലപാടിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇതോടെ പദ്ധതി റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സിപിഐയും സിപിഎം നേതൃത്വവും തമ്മിൽ എൽഡിഎഫിൽ കടുത്ത ഭിന്നത തുടരുകയാണ്. ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന മുഖ്യമന്ത്രി ഇന്ന് സിപിഐ നേതൃത്വവുമായി അനുരഞ്ജന ചർച്ചകൾ നടത്തും.
കരാർ റദ്ദാക്കിയില്ലെങ്കിൽ മന്ത്രിമാരെ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള അന്തിമ തീരുമാനം നാളെ ചേരുന്ന സി.പി.ഐ. എക്സിക്യൂട്ടീവ് കൈക്കൊള്ളുമെന്നാണ് വിവരം. പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. തുടങ്ങിയ സി.പി.ഐ.യുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.