Banner Ads

പശുവും കാളയും എരുമയും; ബംഗാളിൽ കശാപ്പിന് നിയന്ത്രണം, ലംഘിച്ചാൽ ജയിൽ ശിക്ഷ

കൊൽക്കത്ത : മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങളുമായി പശ്ചിമ ബംഗാൾ സർക്കാർ. അംഗീകൃത ഉദ്യോഗസ്ഥന്റെയോ സർക്കാർ വെറ്റിനറി സർജന്റെയോ സ‍ർട്ടിഫിക്കറ്റ് ഇല്ലാതെ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു. നിയമം തെറ്റിക്കുന്നവർക്ക് 6 മാസം ജയില്‍ വാസം അല്ലെങ്കില്‍ 1000 രൂപ പിഴയുമാണ് ശിക്ഷ. കാള, പശു, എരുമ തുടങ്ങിയ ഒരു മൃഗത്തെയും സർട്ടിഫിക്കറ്റ് ഇല്ലാതെ കശാപ്പ് ചെയ്യാൻ പാടില്ല.

കശാപ്പ് ചെയ്യുന്ന മൃഗങ്ങൾ 14 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം. ജോലിക്കോ പ്രത്യുൽപാദനത്തിനോ ഉപയോഗപ്രദമാകാൻ പാടില്ല. വാർദ്ധക്യം, പരിക്ക്, വൈകല്യം അല്ലെങ്കിൽ ഭേദമാക്കാൻ കഴിയാത്ത രോഗം എന്നിവ മൂലം ബുദ്ധിമുട്ടുന്ന മൃഗങ്ങളായിരിക്കണം. സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടാൽ ഉടമയ്ക്ക് 15 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് അപ്പീൽ നൽകാൻ അവസരമുണ്ടാകും.

തുറസ്സായ പൊതുസ്ഥലങ്ങളിൽ കശാപ്പ് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചു. സർക്കാർ അംഗീകരിച്ച സ്ഥലങ്ങളിൽ മാത്രമേ ഇത് അനുവദിക്കൂ. മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് അധികൃതർ, വെറ്റിനറി ഡോക്ടർമാർ എന്നിവർക്ക് പരിശോധന നടത്താൻ അധികാരമുണ്ടാകും. ഈ പരിശോധനകൾ തടസ്സപ്പെടുത്തുന്നത് കുറ്റകരമാണ്.