
തൃശൂർ: തൃശ്ശൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. പെരുമ്പിള്ളിശേരി മുല്ലക്കൽ വീട്ടിൽ രേഷ് (48), ഭാര്യ ലത (46) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ രേഷിന്റെ പരിക്ക് ഗുരുതരമാണ്.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ ചേർപ്പ് ചൊവ്വരനും പാമ്പാൻ തോടിനും ഇടയിലാണ് അപകടം നടന്നത്. തൃശ്ശൂരിൽ നിന്ന് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കും തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽപ്പെട്ട ദമ്പതികളെ തിരുവുള്ളക്കാവ് ദേവസ്വം ആംബുലൻസ് പ്രവർത്തകർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർപ്പ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.