Banner Ads

ഇനി കഫ് സിറപ്പുകൾ നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ദില്ലി : രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെഡിക്കൽ സ്റ്റോറുകളിൽ ചെന്ന് നേരിട്ട് സിറപ്പുകൾ വാങ്ങുന്ന രീതി ഇല്ലാതാകും.

കുറിപ്പടിയില്ലാതെ കൗണ്ടറുകളിൽ നിന്ന് നേരിട്ട് സിറപ്പുകൾ വിൽക്കുന്നത് ഇനിമുതൽ നിയമവിരുദ്ധമായി കണക്കാക്കും. വ്യാജ സിറപ്പുകൾ കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും നിരവധി കുട്ടികൾ മരണപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യവ്യാപകമായി നിയന്ത്രണം ഏർപ്പെടുത്തിയത്.

മധ്യപ്രദേശിൽ മാത്രം ഇരുപതോളം കുട്ടികളാണ് വ്യാജ സിറപ്പ് കഴിച്ച് മരിച്ചത്. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകുന്ന സിറപ്പുകൾക്ക് നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം നിലനിൽക്കുന്നുണ്ട്. 1945ലെ ഡ്രഗ്സ് റൂൾസിന്റെ അഞ്ചാം ഭേദഗതിയായിട്ടാണ് കേന്ദ്ര സർക്കാർ ഈ പുതിയ നിയമം കൊണ്ടുവരുന്നത്.

സിറപ്പുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതി പ്രകാരം ഫാർമസികളിൽ കൃത്യമായ കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ഇനി സിറപ്പുകൾ ലഭ്യമാകൂ.