
തിരുവനന്തപുരം : ശരീരസൗന്ദര്യ മത്സര വിജയി ഷിനു ചൊവ്വയെ പൊലീസ് ഇൻസ്പെക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര ഇടപെടലുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ഷിനുവിന്റെ ഇന്ന് ആരംഭിക്കേണ്ടിയിരുന്ന പരിശീലനം താൽക്കാലികമായി നീട്ടിവെക്കാൻ മന്ത്രി നിർദ്ദേശം നൽകി. നിയമനവുമായി ബന്ധപ്പെട്ട് ഡിജിപിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തുടർനടപടികളിലേക്ക് കടക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കായിക ക്വാട്ടയിലെ നിയമനത്തിനെതിരെ മന്ത്രിക്കു ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി.അതേസമയം, ഇൻസ്പെക്ടർ പരിശീലനം നീട്ടിവെച്ച തീരുമാനത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ഷിനു ചൊവ്വ പ്രതികരിച്ചു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല.
തന്റെ നേരിട്ടുള്ള നിയമനം കാരണം പ്രമോഷൻ നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ചില ഉദ്യോഗസ്ഥരാണ് ഈ ഗൂഢാലോചനകൾക്ക് പിന്നിലെന്നും വ്യാജ പരാതികൾ നൽകിയതെന്നും ഷിനു ചൊവ്വ ആരോപിച്ചു.