Banner Ads

ബിജെപി കൗൺസിലർ ആർ സുഗതന്റെ വ്യാജ ഒപ്പ് വിവാദം: കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ്; ഫോറൻസിക് പരിശോധന നടത്തും

തിരുവനന്തപുരം : കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്യും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിനായി പ്രത്യേകമായി ആരെയും പ്രതി ചേർക്കാതെയാകും ആദ്യഘട്ടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുക.

ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തതായി ഹാജർ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ഒപ്പ് വ്യാജമാണെന്നാണ് എൽഡിഎഫ് ആരോപണം. കൗൺസിലർ സ്ഥാനം അയോഗ്യമാകുന്നത് ഒഴിവാക്കാൻ നടത്തിയ ക്രമക്കേടാണിതെന്ന് എൽഡിഎഫും കോൺഗ്രസും ആരോപിക്കുമ്പോൾ ബിജെപി ഈ ആക്ഷേപങ്ങൾ പൂർണ്ണമായും തള്ളിക്കളയുകയാണ്.

മ്യൂസിയം പൊലീസിന്റെ നേതൃത്വത്തിൽ കൗൺസിൽ യോഗ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററുകളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കൽ തുടരും. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമായിരിക്കും ഹാജർ ബുക്കിലെ ഒപ്പുകൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറുന്നത്.