Banner Ads

താമരശ്ശേരി ചുരത്തിൽ കണ്ടയ്നർ ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക്; വഴിയാധാരമായി യാത്രക്കാർ

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ കണ്ടയ്നർ ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക്. ഏഴാം വളവിൽ രാത്രി 12 മണിയോടെയാണ് കണ്ടയ്നർ ലോറി തകരാറിലായി പാതയിൽ കുടുങ്ങിയത്. പുലർച്ചെ രണ്ട് മണിയോടെ കേടായ ലോറി മാറ്റിയെങ്കിലും ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിനാൽ ഗതാഗതം ഇനിയും സാധാരണ നിലയിലായിട്ടില്ല.

ടോറസ്, മൾട്ടി ആക്സിൽ ലോറികൾ അടക്കം നിരവധി വാഹനങ്ങളും ദീർഘദൂര ബസുകളും മണിക്കൂറുകളോളമായി വഴയിൽ കുടുങ്ങിക്കിടക്കുകയാണ്. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ ഗതാഗതം പൂർണമായി പുനസ്ഥാപിക്കാൻ കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ചുരത്തിൽ ഗതാഗത തടസ്സം പതിവാകുന്നത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.

ഒരു മാസം മുൻപ് ആറാം വളവിൽ കെഎസ്ആർടിസി ബസ് തകരാറിലായി സമാനമായ രീതിയിൽ വലിയ കുരുക്ക് അനുഭവപ്പെട്ടിരുന്നു. നിലവിൽ ആറ്, ഏഴ്, എട്ട് വളവുകളിൽ റോഡ് വീതികൂട്ടുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ ഇത്തരം വാഹന തകരാറുകൾകൂടി ഉണ്ടാകുന്നത് ചുരത്തിലെ യാത്രാപ്രതിസന്ധി ഇരട്ടിയാക്കുകയാണ്.