
പ്രൈം അംഗത്വവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ വൻതുക പിഴയടയ്ക്കണം. 2.5 ബില്യൺ ഡോളർ (ഏകദേശം 22,176 കോടി ഇന്ത്യൻ രൂപ) പിഴയടയ്ക്കാൻ അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനുമായുള്ള (FTC) ഒത്തുതീർപ്പിലാണ് തീരുമാനം.ഉപഭോക്താക്കളുടെ വ്യക്തമായ സമ്മതമില്ലാതെ അവരെ തെറ്റിദ്ധരിപ്പിച്ച് പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ എടുപ്പിച്ചു.
കൂടാതെ അംഗത്വം റദ്ദാക്കുന്നതിന് മനഃപൂർവം ബുദ്ധിമുട്ടുണ്ടാക്കി എന്നീ ഗുരുതര ആരോപണങ്ങളാണ് ആമസോണിനെതിരെ ഉണ്ടായിരുന്നത്. ഈ ഒത്തുതീർപ്പിന്റെ ഭാഗമായി പ്രൈം അംഗത്വം നിരസിക്കുന്നതിനായി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും വ്യക്തവുമായ ഒരു ബട്ടൺ വെബ്‌സൈറ്റിൽ ഉൾപ്പെടുത്താൻ ആമസോൺ സമ്മതിച്ചു. അംഗത്വം റദ്ദാക്കൽ പ്രക്രിയ കൂടുതൽ ലളിതമാക്കണമെന്നാണ് ട്രേഡ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.