
തിരുവനന്തപുരം : നീണ്ട ചർച്ചകൾക്കൊടുവിൽ വഖഫ് ബോർഡിൽ സമവായം. എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനമായി. എപി വിഭാഗം നിർദേശിക്കുന്ന പ്രതിനിധിക്ക് ബോർഡിൽ അംഗത്വം നൽകും. വഖഫ് മന്ത്രി വൈകുന്നേരം കാന്തപുരം എപി അബൂബക്കർ മുസലിയാരുമായി കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രിയും പി കെ കുഞ്ഞാലിക്കുട്ടിയും നേരിട്ട് നടത്തിയ ഇടപെടലുകളാണ് സമവായത്തിന് വഴിയൊരുക്കിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും ചർച്ചകളിൽ പങ്കെടുത്തു. സമവായത്തിന്റെ ഭാഗമായി നിലവിലെ ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി വിഭാഗം പ്രതിനിധി ഒഴിയും. കാന്തപുരം വിഭാഗത്തിൽ നിന്നുള്ള ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കും.
വഖഫ് വിഷയത്തിൽ സമവായമായെന്ന് മന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എല്ലാവരെയും ചേർത്തുനിർത്തിയുള്ള തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.