Banner Ads

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്; ഇംപീച്ച്മെന്റ് നീക്കങ്ങൾ നാളത്തെ ഇന്ത്യ സഖ്യ യോഗത്തിൽ ചർച്ച ചെയ്യും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം കടുപ്പിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി (ഡബ്ല്യു.സി.സി) യോഗത്തിൽ തീരുമാനം. എസ്.ഐ.ആറിലൂടെ (SIR) വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 13 കോടി പേരെ തിരികെ ഉൾപ്പെടുത്തണമെന്നും, എസ്.ഐ.ആർ പ്രക്രിയ പൂർണ്ണമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പാർട്ടി പ്രമേയം പാസാക്കി. വിഷയത്തിൽ പ്രധാനമന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

തുടർപ്രതിഷേധ പരിപാടികൾ നാളെ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ (INDIA) സഖ്യ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. വിഷയത്തിൽ ഏകപക്ഷീയമായി തീരുമാനം എടുക്കില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതൃത്വം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ അടക്കമുള്ള കാര്യങ്ങൾ നാളത്തെ സഖ്യയോഗത്തിൽ ചർച്ച ചെയ്യുമെന്നും അറിയിച്ചു.

അതേസമയം, പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം നാളത്തെ യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചിട്ടുണ്ട്. പകരം പാർട്ടിയുടെ പ്രതിനിധിയെ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുമായി അഖിലേഷ് ആശയവിനിമയം നടത്തി. തമിഴ്‌നാട്ടിലെ പ്രധാന കക്ഷിയായ ഡി.എം.കെ സഖ്യത്തിലേക്ക് തിരികെ വരുമെന്നും, ജനാധിപത്യം തകരുന്നത് അവർക്ക് കണ്ടുനിൽക്കാനാവില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലും പ്രവർത്തക സമിതി യോഗത്തിൽ ചർച്ചയായി. രമേശ് ചെന്നിത്തലയാണ് ഈ വിഷയം ഉന്നയിച്ചത്. ഗ്യാനേഷ് കുമാർ ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്ന് ആരോപിച്ച ചെന്നിത്തല, വരുന്ന പ്രതിഷേധങ്ങളിൽ ഈ വെളിപ്പെടുത്തൽ പ്രധാന ആയുധമാക്കുമെന്നും വ്യക്തമാക്കി.

യോഗത്തിൽ ശശി തരൂർ എം.പിക്കെതിരെ മല്ലികാർജുൻ ഖാർഗെയുടെ തമാശരൂപേണയുള്ള വിമർശനവും ശ്രദ്ധേയമായി. ഗാന്ധിജയന്തി ദിനത്തിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് തരൂർ നിർദ്ദേശിച്ചപ്പോഴായിരുന്നു ഖാർഗെയുടെ പ്രതികരണം. “പ്രതിഷേധം സംഘടിപ്പിക്കാം, പക്ഷേ സമര സ്ഥലത്ത് തരൂർ ഉണ്ടാകണം, വിദേശത്തേക്ക് കടന്നു കളയരുത്” എന്ന് ഖാർഗെ തമാശയായി പറഞ്ഞു.