Banner Ads

പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾക്ക് സമ്പൂർണ നിരോധനം; മന്ത്രി എം.ബി. രാജേഷ്

കൊച്ചി : പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾക്ക് പൂർണ്ണ നിരോധനമേർപ്പെടുത്തിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന സ്വകാര്യ-പൊതു പരിപാടികളിൽ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പേപ്പർ ഗ്ലാസുകൾ ഉണ്ടാക്കുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് മാത്യു ടി. തോമസ് എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സർക്കാർ പരിപാടികൾ പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് നടത്തുന്നത്. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, ബൗളുകൾ, ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ 2020 ജനുവരി ഒന്ന് മുതൽ നിരോധിച്ചിട്ടുള്ളതാണ്.

മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.